ബെല്ലും ബ്രേക്കും ഇല്ലാത്ത
കുരുത്തം കെട്ട ചിന്തകള്‍..

ഇടിച്ചു നാശമാക്കേണ്ട എന്നാണെങ്കില്‍
വഴി മാറി നിന്നോ...

3010

ഇത്തവണ ഗവേഷണം രണ്ടായിരാമാണ്ടിലെ മനുഷ്യപ്രയത്നങ്ങളെ പറ്റി ആണ്. അന്ന് കാലത്ത് പ്രധാനമായും നിലവിലുണ്ടായിരുന്ന ജീവിത വൃത്തി എന്തായിരുന്നു എന്നത് തറപ്പിച്ചു പറയാന്‍ വിധം തെളിവുകള്‍ ഒന്നും ലഭ്യമല്ല.

വളരെയധികം വെല്ലുവിളികള്‍ ഉള്ള ഒരു തിരിഞ്ഞു നോട്ടം ആണ് നടത്തുന്നത് എന്ന് അറിയാഞ്ഞിട്ടല്ല. ഒരുപാട് വിയോജിപ്പുകള്‍ വിളിച്ചു വരുത്തും എന്ന് അറിഞ്ഞു കൊണ്ട് തന്നെ ഗവേഷണത്തിന്‍റെ തുടര്‍ ഭാഗങ്ങള്‍ സവിനയം അവതരിപ്പിക്കുന്നു.

ജീവിത വൃത്തി എന്നത് കൊണ്ട് അന്ന് കാലത്ത് അര്‍ത്ഥമാക്കുന്നത് വളരെ വിചിത്രമായ ഒരു സംഗതിയാണ്. അന്നന്നത്തെ അന്നത്തിനു വേണ്ടി എന്തെങ്കിലും പ്രയത്നിക്കുക എന്നതത്രേ അത് .ജനങ്ങള്‍ക്കിടയില്‍ സാമ്പത്തികം എന്ന ഒരു ആശയം പ്രബലമായി ഉണ്ടായിരുന്നതായി കാണാം. എന്താണ് ഈ സാമ്പത്തികം എന്ന് നോക്കാം. ധനം, പണം, കാശ്, എന്നിങ്ങനെ വിവിധ വാക്കുകള്‍ അന്ന് കാലത്ത് ധാരാളമായി ഉപയോഗിച്ച് കാണുന്നു. മനുഷ്യ പ്രയത്നത്തിന്റെ തോത് അളന്നു അതിനു ഒരു സമ്മതിപത്രം ഉണ്ടാക്കി അച്ചടിച്ച്‌ * വിതരണം ചെയ്യുക അന്ന് പതിവായിരുന്നു. പത്തു, അമ്പത്, നൂറു, അഞ്ഞൂറ്, ആയിരം എന്നിങ്ങനെ വിവിധ അക്കങ്ങളില്‍ ആണ് സമ്മത പത്രം തയ്യാറാക്കിയിരുന്നത് . ഉദാഹരണത്തിന് നൂറിന്റെ സമ്മതി പത്രം കൈവശം ഉള്ള ഒരു വ്യക്തി അത്രയും പ്രയത്നം ചെയ്തു എന്നും , അതിന്റെ തക്കതായ ഉപഭോഗത്തിന് അര്‍ഹനാണ് എന്നും അനുമാനിക്കുന്നു. ഈ സമ്മതി പത്രത്തിനെ പണം, കാശ്, യൂറോ , ഡോളര്‍ എന്നിങ്ങനെ വിവിധ പ്രദേശങ്ങളില്‍ വിളിച്ചു പോന്നു. എന്നാല്‍ ഓരോ മനുഷ്യ പ്രയത്നതിനും അളവ് നിശ്ചയിച്ച് അതിനു തക്ക സമ്മതപത്രം അച്ചടിച്ച്‌ അപ്പപ്പോള്‍ വിതരണം ചെയ്യുക എന്നത് അപ്രായോഗികം ആണ് എന്ന എതിര്‍ വാദത്തെ അത് കൊണ്ടുതന്നെ തള്ളി കളയാനും വയ്യ. വാസ്തവത്തില്‍ സമ്മതി പത്ര വിതരണം അപ്പോഴപ്പോള്‍ അല്ല നടന്നിരുന്നത് എന്ന് വേണം കരുതാന്‍. സമ്മതി പത്രങ്ങള്‍ (നമുക്കിനി അതിനെ പണം എന്ന പദം കൊണ്ട് തുടര്‍ന്ന് വിശേഷിപ്പിക്കാം) മുന്‍കൂട്ടി തയ്യാറാക്കി സമൂഹത്തില്‍ വിതരണം ചെയ്തിരുന്നു എന്നും പ്രയത്നത്തിന്‍റെ അളവുകള്‍ അതാതു പ്രദേശങ്ങളില്‍ ഉള്ളവര്‍ നിശ്ചയിച്ചിരുന്നു എന്നും ഊഹിക്കേണ്ടിയിരിക്കുന്നു.

പണം എന്ന ആശയം വാസ്തവത്തില്‍ അന്ന് കാലത്തെ മനുഷ്യന്‍റെ ഭാവനയുടെ അതിശയിപ്പിക്കുന്ന ആഴങ്ങളെ തുറന്നുകാട്ടുന്നുണ്ട്. എന്നാല്‍ ആ ആശയത്തിന്റെ വളരെ വികലമായ ഒരു പ്രായോഗിക തലമാണ് സമൂഹത്തില്‍ നടന്നിരുന്നത് എന്നത് ആശ്ചര്യ പ്പെടുത്തുന്ന വസ്തുതയാണ്. പണം വാസ്തവത്തില്‍ പ്രയത്ന ത്തിന്റെ സമ്മതിപത്രം അല്ലാതാവുകയും പ്രയത്നവും പണവും തമ്മില്‍ യാതൊരു പ്രത്യക്ഷ ബന്ധവും ഇല്ലാതാവുകയും ചെയ്തു അന്ന് കാലത്ത്.

ബഹുപൂരിപക്ഷം മനുഷ്യര്‍ പ്രയത്നിക്കുകയും ഒരു ചെറു വിഭാഗം പണം കയ്യില്‍ വയ്ക്കുകയും ആ പ്രയത്ന ത്തിന്റെ സകല ആനുകൂല്യങ്ങളും പിന്‍പറ്റുകയും ചെയ്തു പോന്നു. മൊത്തം മനുഷ്യകുലത്തിനു ദിവസത്തില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം വേണ്ടുന്ന പ്രയത്നം ആ ചെറുകൂട്ടം മനുഷ്യര്‍ ഒരു ദിവസത്തിന്റെ പത്തും പതിനാറും മണിക്കൂര്‍ ചെയ്യുകയും എന്നാല്‍ അതിന്റെ ഒരു ശതമാനം പോലും ആനുകൂല്യം പിന്‍ പറ്റാതിരിക്കുകയും ചെയ്തിരുന്നു എന്നത് വിശ്വസിക്കാന്‍ പോലും വിഷമം ആണ്.

ഇത്തരത്തില്‍ ഒരുപാട് സമ്മതി പത്രം (ധനം) കയ്യിലുള്ള വ്യക്തികള്‍ സമൂഹത്തില്‍ പ്രബലര്‍ ആവുകയും അവരുടെ അനുസാരികളായി ശിഷ്ടം ജനങ്ങള്‍ കാലം കഴിച്ചു കൂട്ടുകയും ചെയ്തു.

മനുഷ്യ പ്രയത്നം എന്ന ആശയം ഒന്ന് കൂടി സ്പഷ്ടമാക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. മിക്കവാറും എല്ലാ പ്രയത്നങ്ങളും മനുഷ്യര്‍ നേരിട്ട് തന്നെ നടത്തിപ്പോന്നിരുന്നു എന്ന് വേണം കരുതാന്‍.ഒരു മിനിറ്റു കൊണ്ട് ചെയ്യാവുന്ന പ്രയത്നങ്ങള്‍ അത് കൊണ്ട് തന്നെ അന്ന് കാലത്ത് വര്‍ഷങ്ങള്‍ എടുത്തിരുന്നു എന്ന് പറയുന്നത് നമ്മുടെ ഭാവനയ്ക്കും അപ്പുറത്തുള്ള ഒരു വാസ്തവമാണ്. അത് തന്നെയും എല്ലാവരിലേയ്ക്കും സമമായി വിതരണം ചെയ്യപ്പെട്ടിരുന്നുമില്ല ഈ യത്നങ്ങള്‍ അത്രയും.

അന്ന് കാലത്തെ ജീവിത വൃത്തി എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ..ആ ഒരു പദത്തിനും ഒരല്‍പം വിശദീകരണം ആവശ്യമാണ്‌ എന്ന് തോന്നുന്നു. പ്രധാനമായും പണം ഉണ്ടാക്കുക എന്നത് മാത്രമായിരുന്നു ജീവിത വൃത്തി കൊണ്ട് അന്ന് ജനങ്ങള്‍ ലാക്കാക്കിയിരുന്നത്. സമൂഹത്തിനു മൊത്തം എന്തെങ്കിലും തങ്ങളുടെ പ്രവൃത്തിയിലൂടെ സംഭാവന ചെയ്യുക എന്ന ഒരു ആശയം തന്നെ അന്ന് കാലത്ത് ഉണ്ടായിരുന്നില്ല. മാത്രവുമല്ല അത്തരം സംഭാവനകള്‍ അന്ന് കാലത്ത് വന്നു ഭവിക്കുക മാത്രമായിരുന്നു. അഥവാ അങ്ങനെ സമൂഹത്തിനു എന്തെങ്കിലും സംഭാവന ചെയ്യുന്നവര്‍ സ്വന്തം ജീവിതത്തില്‍ ഒരുപാട് യാതനകള്‍ അനുഭവിക്കേണ്ടി വന്നിരുന്നു. മൊത്തത്തില്‍ എന്താണ് ലക്ഷ്യമാക്കുന്നത് എന്ന് അറിയാതെ ഓരോരുത്തരും എന്തിലെല്ലാമോ വ്യാപൃതരായി ജീവിച്ചു പോന്ന ഒരു കോമാളി സമൂഹമായിരുന്നു അന്ന് നിലവില്‍ ഉണ്ടായിരുന്നത് .


(തുടരും..)

3010

10 - 11 - 3010

ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പ്, അതായത് മാനവരാശിയുടെ ഇരുണ്ട കാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന രണ്ടായിരം ആണ്ടിന്റെ ചില ചെറിയ ചെറിയ രൂപരേഖകള്‍ പല പല കുറിപ്പുകളിലൂടെയും ലേഖനങ്ങളിലൂടെയും ലഭ്യമാവുന്നുണ്ട്.

മൊത്തം മാനവരാശി എന്ന സങ്കല്‍പം തന്നെ അന്ന് ഉണ്ടായിരുന്നില്ല എന്ന് വേണം കരുതാന്‍. ഭൂമിയെ പല പല അതിരുകള്‍ നിശ്ചയിച്ചു വേര്‍തിരിച്ചു അതിന്റെ ഉടമസ്ഥാവകാശം പറഞ്ഞു പരസ്പ്പരം മല്ലടിക്കുക അന്നത്തെ പ്രധാന വിനോദമായിരുന്നു. അതിര്‍ത്തികളില്‍ അതിനായി പ്രത്യേകം ജോലിക്കാരെ വരെ നിയോഗിച്ചിരുന്നു. പട്ടാളക്കാര്‍ എന്നായിരുന്നു അവരുടെ പദവി.

കരമാര്‍ഗം, കടല്‍ മാര്‍ഗം , വായുമാര്‍ഗം എന്നിങ്ങനെ തരം തിരിച്ചു ഓരോന്നിനും ഒരു മുഖ്യ അധികാരിയെ ചുമതലപ്പെടുത്തി, അവരുടെ അധികാര പരിധിയില്‍ ഒരു വന്ശ്രേണി തന്നെ രൂപം കൊടുത്തു, പഴുതുകള്‍ എതുമില്ലാത്ത ഒരു സംവിധാനം ആണ് അന്ന് നിലവില്‍ ഉണ്ടായിരുന്നത്...

വളരെ വിപുലമായ സംവിധാനങ്ങള്‍ ഇതിനായി രൂപകല്‍പ്പന ചെയ്തിരുന്നു എന്നും, അത്രയും ഭീമാകാരമായ ഒരു പ്രയത്നം മാനവരാശിയുടെ മൊത്തം ഉന്നമനത്തിനായി നീക്കി വയ്ക്കുകയാണെങ്കില്‍ ഒരു വലിയ കുതിച്ചു ചാട്ടം തന്നെ നമുക്ക് ഉണ്ടാവുമായിരുന്നു എന്നും ആലോചിക്കുമ്പോള്‍, അന്ന് കാലത്ത് നിലവിലുണ്ടായിരുന്നു മനുഷ്യന്റെ മസ്തിഷ്ക്കത്തിന്റെ വികാസമില്ലായ്മ നമ്മെ അമ്പരപ്പിക്കും. (അതിനും ഏതാണ്ട് ആയിരം രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്നത്തെ നമ്മുടെ ചിന്തകളെ അതിശയിപ്പിക്കുന്ന തരത്തിലുള്ള സംസ്കാരങ്ങള്‍ നിലവില്‍ ഉണ്ടായിരുന്നു എന്നുള്ളത് ചേര്‍ത്ത് വായിക്കുമ്പോള്‍ ഇരുണ്ട നൂറ്റാണ്ടിന്റെ ഭീകരത ഒന്നുകൂടെ വ്യക്തമാവും.)

ഓരോ അതിര്‍ത്തികളേയും രാജ്യങ്ങള്‍ എന്ന് വിളിപ്പേരിട്ടിരുന്നു.രാജ്യങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ക്കും നയതന്ത്ര നീക്കങ്ങള്‍ക്കും വേണ്ടി മറ്റൊരു വിഭാഗം ആളുകള്‍ പ്രത്യേകമായി നിയോഗിക്കപ്പെട്ടിരുന്നു. പലപ്പോഴും അയല്‍ രാജ്യങ്ങളുടെ ശത്രുത ചെറുക്കാന്‍ മറ്റു ദൂര രാജ്യങ്ങളുമായി സഖ്യത്തില്‍ ആവുകയും അങ്ങനെ പല പല ചേരികളായി പരസ്പരം തിരിഞ്ഞ് വഴക്കടിച്ച് നാളുകള്‍ നീക്കുകയും ചെയ്യുകയാണ് ഏതാണ്ട് എല്ലാ രാജ്യങ്ങളുടെയും പ്രധാന പണി.ഇതെല്ലാം ലാക്കാക്കുന്നത് കേവലം ഭാവനാ സൃഷ്ടിയായ അതിര്‍ത്തിയെ ചൊല്ലിയാണ് എന്നതാണ് രസകരം.

ഓരോ രാജ്യത്തിനും പ്രത്യേക ഭരണ സംവിധാനങ്ങളും,ഓരോന്നിനും ഭരണാധികാരികളും ഉണ്ടായിരുന്നു. മുന്‍പ് പറഞ്ഞത് പോലെ ഇതിനും വിപുലമായ ഒരു ശ്രേണി തന്നെ ഉണ്ടായിരുന്നു. ഒരു രാജ്യത്തലവന്‍, കീഴെ മന്ത്രിമാര്‍, അതിനും താഴെ അതിലും അധികാരം കുറഞ്ഞവര്‍ എന്നിങ്ങനെ ഒരു തലകീഴായ മരത്തിന്റെ ചിത്രം പോലെയായിരുന്നു ഘടന. ഇത്തരം വിപുലമായ ഒരു ഘടനയുടെ രൂപ കല്‍പ്പന മൊത്തം മാനവരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഒരു ചെറിയ ധനാത്മകമായ സംഭാവന പോലും നല്‍കിയിരുന്നില്ല എന്ന് ഓര്‍ക്കുക. അന്ന് ജീവിച്ചിരുന്ന മനുഷ്യന്റെ സാമാന്യബോധം ഏത് അളവുകോലുകള്‍ വച്ചാണ് അളക്കേണ്ടത്‌ എന്നതു വലിയൊരു വെല്ലുവിളി തന്നെയാണ് നമുക്ക്.

വാസ്തവത്തില്‍ അന്ന് ജീവിച്ചിരുന്ന എല്ലാ മനുഷ്യരും ഇത്രയും ചെറിയ മസ്തിഷ് ക്കത്തിന്റെ ഉടമകള്‍ ആയിരുന്നു എന്ന് പറക വയ്യ. ഒരു ചെറിയ ന്യൂനപക്ഷം വ്യക്തമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ ഒരു മണ്ടന്‍ കളിയില്‍ ബഹുഭൂരിപക്ഷം അണിചേരുകയായിരുന്നു എന്ന് ഒരു വാദം പ്രബലമായി ഉണ്ട്. സാമാന്യത്തില്‍ നിന്നും ഒരു ചെറിയ മസ്തിഷ്ക്ക വളര്‍ച്ച ഉണ്ടായിരുന്ന ആ ചെറിയ വിഭാഗം ആകട്ടെ ഏതാണ്ട് എല്ലാ സൌഭാഗ്യങ്ങളും ആസ്വദിച്ചു കാലം കഴിച്ചു കൂട്ടി എന്ന് വേണം കരുതാന്‍.

3010

വളരെ അധികം യാതനകള്‍ നിറഞ്ഞ ഒരു ജീവിതമായിരുന്നു അന്ന് കാലത്തെ ജനങ്ങള്‍ നയിച്ചത് എന്ന് വേണം കരുതാന്‍. വ്യാവസായികമായും സാംസ്കാരികമായും യാതൊരു വളര്‍ച്ചയും ഇല്ലാത്ത ഒരു ജനതതിയായിരുന്നു രണ്ടായിരങ്ങളില്‍ ജീവിച്ചു വന്നത്. അന്ന് കാലത്ത് പരസ്പരം ആശയങ്ങളോ സംഭാഷണങ്ങളോ കൈമാറാന്‍ തുലോം പരിമിതമായ സംവിധാനങ്ങളേ ഉണ്ടായിരുന്നുള്ളൂ.

മിക്കവാറും ആളുകള്‍ ദൂരങ്ങളില്‍ പരസ്പരം കാണാതെയും ബന്ധപ്പെടാതെയും ജീവിച്ചു പോന്നു. അഥവാ അത്രയും ദൂരം യാത്ര ചെയ്തു പരസ്പരം ഭൌതികമായി കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു അവര്‍. ഫോട്ടോഗ്രഫി, ടെലിവിഷന്‍, ഇന്‍റെര്‍ നെറ്റ് തുടങ്ങി വളരെ പ്രാകൃതമായ സംവിധാനങ്ങളേ അന്ന് നിലവില്‍ ഉണ്ടായിരുന്നുള്ളൂ. virtual എന്ന ആശയം തന്നെ വളരെ പ്രാകൃതമായ ഒരു അവസ്ഥയില്‍ ആയിരുന്നു എന്ന് സാരം. യാത്ര എന്നത് അന്നത്തെ ഒരു പ്രധാന പരിപാടി ആയിരുന്നു.

ഒരു സഞ്ചരിക്കുന്ന കുടസ്സു പെട്ടിയില്‍ നൂറും നൂറ്റമ്പതും പേര്‍ കുത്തി തിരക്കി ഇരുന്നും നിന്നും തൂങ്ങിയും ആണ് യാത്ര ചെയ്തത് . അതിനായി പ്രത്യേകം പാതകള്‍ തന്നെ ഭൂമിയില്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. പാതകള്‍ മാത്രം മൊത്തം ഉപയോഗ ഭൂമിയുടെ മുപ്പതു ശതമാനത്തോളം പാഴാക്കപ്പെട്ടിരുന്നു എന്ന് കണക്കുകള്‍ കാണിക്കുന്നു. യാത്ര വായുമാര്‍ഗം കടല്‍ മാര്‍ഗം കരമാര്‍ഗം എന്നിങ്ങനെ തിരിച്ചു കൊണ്ടാണ്; വിമാനം , കപ്പല്‍, തീവണ്ടി, ബസ്സ്‌ , കാര്‍, മോട്ടോര്‍ സൈക്കിള്‍ എന്നിങ്ങനെ ഉപകരണങ്ങള്‍ യാത്രക്കായി ഉപയോഗിച്ചിരുന്നതായും ചില രേഖകള്‍ പറയുന്നു.

ഉപകരണങ്ങളുടെ പ്രവര്‍ത്തനം രസകരം ആണ്. പ്രകൃതി വിരുദ്ധമായ പ്രക്രിയകള്‍ ആണ് ഇതിനായി അന്നുള്ളവര്‍ നടത്തിയിരുന്നത്. ഭൂമിക്കടിയില്‍ ഉള്ള നിക്ഷേപങ്ങള്‍ തുരന്നെടുക്കുകയും പ്രത്യേക ചേരുവകള്‍ ഉണ്ടാക്കി അവ നിറക്കുകയും പുകയ്ക്കുകയും ചെയ്ത് ശ്വാസ വായുവിനെ അവര്‍ വിഷ ലിപ്തമാക്കി . അങ്ങനെ സ്വന്തം ജീവിതത്തിനു തന്നെ വില കല്‍പ്പിക്കാത്ത ഒരു പ്രാകൃത ജനതയായിരുന്നു അന്ന് നിലവില്‍ ഉണ്ടായിരുന്നത്.

ജനസംഖ്യ യുടെ മൊത്തം വളര്‍ച്ചയെ കൃത്യമായും നിയന്ത്രിച്ചിരുന്നത് പരസ്പരം കൊന്നും, ഇത് പോലുള്ള മാരക ആശയങ്ങള്‍ നടപ്പാക്കിയും, മറ്റു അപകടങ്ങളിലൂടെയും ഒക്കെ ആയിരുന്നു. സ്വാഭാവിക മൃത്യു വഴിയുള്ള മരണങ്ങള്‍ താരതമ്യേന കുറവായിരുന്നു. രോഗം ബാധിച്ചു മരിക്കുക അന്നുകാലത്തെ സ്വാഭാവിക മരണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു എന്ന് ഒരു രേഖയില്‍ കാണുന്നു. അത് ഇത്തിരി അതിശയോക്തി പരമായി തോന്നുമെങ്കിലും മൊത്തം ജീവിത രീതി വച്ച് നോക്കുമ്പോള്‍ അത് സംഭവ്യമാണ്.

പ്രകൃതിയുടെ സന്തുലനാവസ്ഥ തകിടം മറിക്കുക എന്നതായിരുന്നു അന്ന് കാലത്ത് വളരെ പുരോഗമനപരമായി ജനങ്ങള്‍ കണ്ടിരുന്നത്. വികസനം എന്ന ആശയം ഇത്തരം പ്രതിലോമ പരമായ നീക്കങ്ങളിലൂടെ മാത്രമേ അന്നുള്ളവര്‍ ചിന്തിച്ചിരുന്നുള്ളൂ. വളരെ ചുരുക്കം ചിലര്‍ അതിനെ എതിര്‍ത്ത് പോന്നിരുന്നു എന്നുണ്ടെങ്കിലും അതിനു ബദലായി ഒരു യഥാര്‍ത്ഥ പാത വ്യക്തമാക്കാന്‍ അവര്‍ പരാജയപ്പെട്ടു എന്ന് വേണം കരുതാന്‍.

അന്ന് കാലത്തെ ശാസ്ത്ര സാങ്കേതിക വളര്‍ച്ച അത്രയും പരിമിതമായിരുന്നു എന്ന വസ്തുത കൂടി കണക്കില്‍ എടുക്കേണ്ടതുണ്ട്‌. ശാസ്ത്രം അതിന്‍റെ ശൈശവാവസ്ഥയില്‍ ആയിരുന്നു അന്ന് കാലത്ത് എന്നാണെങ്കിലും അത് തന്നെയും ഒരു ചെറിയ വൃത്തത്തിനുള്ളില്‍ ഒതുങ്ങി നിന്നു എന്നത് കൌതുകകരം ആണ്, അതായത്, (പ്രതിലോമകരം എങ്കിലും) ശാസ്ത്രത്തിന്‍റെ ചെറിയ ചെറിയ സൌകര്യങ്ങള്‍ മൊത്തം സ്വീകരിക്കുകയും എന്നാല്‍ അതിന്‍റെ യഥാര്‍ത്ഥ ചിത്രം എന്തെന്ന് അറിയാതെ ജീവിക്കുകയും ചെയ്തു ഭൂരിഭാഗവും. ഒരേ സമയം ശാസ്ത്രത്തിന്‍റെ ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയും അവയുടെ നിര്‍മാണവും പ്രവര്‍ത്തനവും അറിയാതിരിക്കുകയും അതിനു പിന്നിലുള്ള ശാസ്ത്രീയ നിയമങ്ങളെക്കുറിച്ച് അജ്ഞര്‍ ആവുകയും ചെയ്തു അവര്‍.

ഭൂരിഭാഗം ജനങ്ങളും ഇങ്ങനെ വിദ്യാഭ്യാസം ഇല്ലാത്തവര്‍ ആയതു കൊണ്ട് മൊത്തം ജനതയുടെ ഇരുളിലേക്കുള്ള പോക്ക് ആരും അറിയാതിരുന്നു. അത് തന്നെ ആയിരുന്നു പ്രശ്നവും. വിദ്യാഭ്യാസം, വിവേകം, സ്വതന്ത്ര ചിന്ത എന്നിവ എല്ലായിടത്തും സമമായി ഇരിക്കുന്ന ഒരു സമൂഹം അല്ലായിരുന്നു അന്ന് നിലവില്‍ ഉണ്ടായിരുന്നത്. എല്ലാ കാര്യങ്ങളും ഓരോരോ ഇടങ്ങളില്‍ അധികമായും ചില ഇടങ്ങളില്‍ തീരെ ഇല്ലാതെയും ഒക്കെ നിലകൊണ്ടിരുന്ന തീര്‍ത്തും അസന്തുലിതമായ അത്തരം ഒരു കാലാവസ്ഥയില്‍ മൊത്തം സംസ്കാരത്തിന്‍റെ നാശം അല്ലാതെ മറ്റൊന്ന് പ്രതീക്ഷിക്കുന്നതാണല്ലോ വിഡ്ഢിത്തം.

എണ്‍പത്

എണ്പതുകളുടെ തുടക്കമാണ്..

ആ കാലത്തെ 'പണ്ട്' എന്ന് വിശേഷിപ്പിക്കാന്‍ എന്തോ തോന്നുന്നില്ല..അത് അത്രയും അരികില്‍ ആയതു കൊണ്ടാവാം. അല്ലെങ്കില്‍ അതില്‍ നിന്നും ഏറെ അകന്നു എന്ന് എനിക്ക് തോന്നാത്തത് കൊണ്ടുമാവാം.

യു പീ സ്കൂള്‍ കാലം.. അന്ന് ഇത് പോലൊന്നുമല്ല എന്ന് ഇപ്പൊ പറയുമ്പോ ഒരുതരം പകപോക്കല്‍ നിര്‍വൃതി തോന്നുന്നു.. കാരണം അന്ന് ഞങ്ങള്‍ ഈ ' അന്ന് ഇത് പോലൊന്നുമല്ല.. ആ കാലമൊക്കെ ഇപ്പൊ എവടെ..' എന്ന പല്ലവി ഞങ്ങളുടെ മുതിര്‍ന്നവരില്‍ നിന്ന് എന്നും കേള്‍ക്കുന്ന ഒരു കാലമായിരുന്നല്ലോ. (ഇപ്പൊ അങ്ങനെ വല്ലതുമാണോ. ചെറിയ പിള്ളാരോട് നൊസ്റ്റാള്‍ജിയ പറയാന്‍ പോയിട്ട് എന്ത് കാര്യം. അത് വല്ലതും ഉണ്ടോ അവര്‍ ക്ഷമയോടെ കേക്കാന്‍ പോണു?)

വൃശ്ചിക മാസം ആയാല്‍ തുടങ്ങി പിന്നെ സന്തോഷം.. അയ്യപ്പന്‍റെ സീസണ്‍ .. അയ്യപ്പന്‍ വിളക്കുകള്‍..പാട്ടുകള്‍.. ഉത്സവ കാലം തുടങ്ങി എന്ന സന്തോഷം..

ഞങ്ങള്‍ ഒരു അഞ്ചാറു പേര്‍ ചേര്‍ന്ന് ഒരു തീരുമാനത്തില്‍ എത്തി. ഒരു അയ്യപ്പന്‍ പാട്ട് കഴിക്കുക. കാര്യമായിട്ടൊന്നുമില്ല.. അയ്യപ്പന്‍റെ ഒരു ഫോട്ടോ മാലയിട്ടു അതും കയ്യില്‍ പിടിച്ചു ഒരുത്തന്‍. ഒരാളുടെ കയ്യില്‍ പാല മരത്തിന്റെ കൊമ്പ് മുറിച്ചത്.. മറ്റൊരാള്‍ കയ്യില്‍ ഒരു ഗന്ചിരയുമായി. ഒരാള്‍ ഹരിബോല്‍.. ഒരാള്‍ ചീയ്യം..

പിന്നെ അയ്യപ്പന്‍റെ ഭജന യും ചൊല്ലി ഒരു പത്തിരുനൂറു മീറ്റര്‍ നടക്കുക. ഞങ്ങള്‍ അഞ്ചുപേര്‍. ഞാന്‍ , എന്റെ ഏട്ടന്‍, സുഹൃത്ത്‌ വിനു, ഉദയന്‍ പിന്നെ ഉമ്മര്‍. ഉമ്മറി നാണ് ഭസ്മ തട്ടിന്റെ ചുമതല. ഭക്ത ജനങ്ങള്‍ക്ക് ആര്‍ക്കു വേണമെങ്കിലും ഭസ്മ തട്ടില്‍ കാണിക്ക ഇടാം (അതാണല്ലോ ഞങ്ങളുടെ മുഖ്യ ആകര്‍ഷണം!!) നേരെ നടന്നു പഴയ പാത വഴി വിനുവിന്റെ വീട്ടു തൊടിയിലേയ്ക്ക്. അവിടെയാണ് പന്തല്‍. കൊന്നത്തടികള്‍ കൊണ്ട് നാല് കാലു നാട്ടി മുകളില്‍ തെങ്ങിന്പട്ടകള്‍ നിരത്തി ഉഷാര്‍ ഒരു പന്തല്‍. ഒന്ന് രണ്ടു പെണ് സുഹൃത്തുക്കള്‍ അടുപ്പ് കൂട്ടി അരി വേവിച്ചു അതില്‍ വെള്ളം ഇട്ടു പായസം ഉണ്ടാക്കുന്ന തിരക്കില്‍. നാളികേരം കഷ്ണങ്ങള്‍ ആക്കി വെട്ടി പായസത്തിനു അലങ്കാരം വയ്പ്പിക്കാനുള്ള തിരക്കിലാണ് പ്രായമായ അമ്മിണിയമ്മ.

അന്ന് അങ്ങിനെയാണ്. പിള്ളേരുടെ എന്ത് ചെറിയ ക്രിയാത്മകതയ്ക്കും ചൂട്ടു പിടിക്കാന്‍ മുതിര്‍ന്നവര്‍ സന്നദ്ധരായിരുന്നു.

(പക്ഷെ എന്റെ വീട്ടില്‍ അച്ഛന്‍ ഒരു നിബന്ധന വച്ചിരുന്നു. വൈകുന്നേരം ആറു മണി കഴിയും മുന്പ് വീടെത്തണം.ആറര എന്ന് പറയുമ്പോഴേക്കും പഠിപ്പ് തുടങ്ങിക്കൊളണം)

സ്കൂള്‍ വിട്ടു വന്നു ചായ കുടിച്ചു എന്ന് വരുത്തി വേഗം കളിക്കാന്‍ പോക്കാണ് ഞാനും ഏട്ടനും. കളികളില്‍ പലതും പെടും. കൊട്ടിയും പുള്ളും, കോല്‍ ഏറു കൊമ്പു, ചില്ലേര്‍, പിന്നെ ഇന്നത്തെ ക്രിക്കറ്റ്‌ ന്റെ പ്രാചീനമായ രൂപം..അങ്ങനെ ഒരുപാട് കളികള്‍. ആ കളി സംഘം ആണ് ഇപ്പോള്‍ അയ്യപ്പ ഭക്തിയുമായി പുതിയ ഒരു കളി യില്‍ എര്‍പെട്ടിരിക്കുന്നത്.

ഭജനയും കൊട്ടും എഴുന്നെള്ളത്തും ഒക്കെയായി സംഘം വീട്ടിനു മുന്നില്‍ എത്തിയപ്പോഴേ സമയം ഏഴു മണി.. അച്ഛന്‍റെ deadline കഴിഞ്ഞിരിക്കുന്നു. മുറ്റത്ത് ദേഷ്യം കൊണ്ട് ഉലാത്തുന്ന നിലയില്‍ അച്ഛനെ കാണപ്പെട്ടു. പിന്നെ താമസിച്ചില്ല . സ്വന്തം ഉത്തരവാദിത്തങ്ങള്‍ അടുത്തുള്ളവനെ ഏല്‍പ്പിച്ചു ഞങ്ങള്‍ രണ്ടു പേരും ഉത്സവത്തില്‍ നിന്നും സ്കൂട്ട് ആയി.

അച്ഛന്‍റെ ഉലാത്ത ലിന്റെ ഗതി കൃത്യമായി ഗണിച്ച് ഏട്ടന്‍ വീടിനകം പറ്റി. എന്നും ഗണിക്കല്‍ പിഴയ്ക്കുന്ന ഞാനോ..കൃത്യമായും അച്ഛന് മുന്നില്‍ പെട്ടും പോയി.

പിന്നീട് പുളിവാറല്‍ പ്രയോഗമായിരുന്നു. എവിടെടാ മറ്റവന്‍ എന്ന ചോദ്യത്തിനൊപ്പം ഏട്ടനും ഒറ്റുകൊടുക്കപ്പെട്ടു.

അത് എണ്പതുകളുടെ തുടക്കം ആയിരുന്നു.

എത്ര തല്ലു കിട്ടിയാലും ഉത്സവങ്ങള്‍ നിലയ്ക്കാത്ത ഒരു കാലം. പറയാന്‍ മാത്രം കാശ് പിരിവുകള്‍ ഒന്നും ഇല്ലാതെ, കുപ്പി പൊട്ടലുകള്‍ ഒന്നും ഇല്ലാതെ ഉത്സാഹിക്കാന്‍ മടിയേതു മില്ലാത്ത കാലം.

നിര്‍ഗുണന്‍

ഒന്നോര്‍ത്താല്‍ എല്ലാം ഒരു തമാശ തന്നെ.. ജീവിതം മൊത്തം;

നന്മ തിന്മകളുടെ കറുപ്പ് വെളുപ്പുകളുടെ സംഘട്ടനം.. അതിനിടയില്‍പ്പെട്ടു ഞെരുങ്ങാതെ നമ്മള്‍ മാറി നിന്നാലേ രക്ഷയുള്ളൂ.. എല്ലാം വെറും പുറം പൂച്ചാ ണെന്നേ.. നന്മയേ ചെയ്യൂ.. എന്നൊക്കെ ശപഥം എടുത്തിട്ട് കാര്യമൊന്നും ഇല്ല.. അല്ലെങ്കില്‍ത്തന്നെ ആര്‍ക്കാണ് ഒരു തെറ്റും ചെയ്യാതെ മുന്നേറാന്‍ ആയിട്ടുള്ളത്?

ഒരു നൂറു വര്‍ഷം ഫാസ്റ്റ് ഫോര്‍വേഡ് ചെയ്തു ചിന്തിക്കൂ.. നമ്മളില്‍ ഒന്നോ രണ്ടോ പേര്‍ കാണും ഈ ഭൂമുഖത്ത്!! അതും ഇപ്പൊ ജനിച്ചു വീണ പൊടി ക്കുഞ്ഞുങ്ങളില്‍ ഒന്നോ രണ്ടോ പേര്‍.. ബാക്കി ഒക്കെയും തിരശീലയ്ക്ക് പിന്നില്‍.. ചുവരില്‍ ചിരിച്ചു നില്‍ക്കുന്ന ഫോട്ടോ..( അല്ല.. അതും അന്ന് കാലത്ത് ഉണ്ടാവ്വോ? ഇന്നേ ഇല്ലാതായിരിക്കുന്നു അതൊക്കെ.) അന്ന് ആരോര്‍ക്കും നിങ്ങള്‍ ചെയ്ത നല്ല കാര്യങ്ങള്‍? ചീത്ത കാര്യങ്ങള്‍? ഒരു പുല്ലും അതോര്‍ത്തു പുളകം കൊള്ളാനുണ്ടാവില്ല..

എന്ന് വച്ച് തിന്മ ചെയ്യൂ എന്ന് ഉപദേശിക്കുകയല്ല കേട്ടോ.. നന്മയേ ചെയ്യൂ എന്ന് മസില് പിടിക്കണ്ട എന്ന് പറഞ്ഞൂ എന്ന് മാത്രം.

ഇതിലൊന്നും വല്യ കാര്യമില്ല കൂട്ടരേ.. പണ്ട് മുനിമാര്‍ പറഞ്ഞ നിര്‍ഗുണത്വം ആണ് ശരി.. നല്ലതിനും കെട്ടതിനും ഇല്ല.. സന്തോഷവും ഇല്ല സങ്കടവും ഇല്ല.. ചിരി കരച്ചില്‍ ഒന്നുമില്ല.. ആരെയും ഒന്നിനെയും അമിതമായി ആശ്രയിക്കാതെ, ഒരു അകലം പാലിച്ചുള്ള ജീവിതം..

അപ്പൊ നിങ്ങള്‍ ചോദിക്കും ഇതല്ലേ അരാഷ്ട്രീയത? സ്വാര്‍ഥത? സാമൂഹ്യ ജീവിയാണ് മനുഷ്യന്‍ എന്ന് മറന്നുള്ള വരട്ടു വാദം? എന്നൊക്കെ..

കണ്ടോ ....കൂട്ടരേ.. എത്ര വിദഗ്ദമായാണ് നന്മ തിന്മകള്‍ കൈകോര്‍ത്തു ചിരിക്കുന്നത്? ഞാനൊന്നും പറയുന്നില്ലേ ഈ ഇരട്ടകള്‍ക്കിടയില്‍ നിന്ന് കൊണ്ട്...

ഞാന്‍ ഒരു നിര്‍ഗുണനാന്നേ...

നിറഭേദങ്ങള്‍

എന്‍റെ നിറങ്ങള്‍ അല്ല നിങ്ങള്‍ കാണുന്ന നിറങ്ങള്‍ എന്നതാണ് വാസ്തവം എങ്കിലോ? പറയാന്‍ വയ്യ.. ഒരു പക്ഷെ ഞാന്‍ കാണുന്ന ചുവപ്പ് നിങ്ങളുടെ പച്ചയായിരിക്കും.

സുഹൃത്തേ.. ഞാന്‍ രാഷ്ട്രീയം പറയുകയല്ല കേട്ടോ..
ഇത് അല്‍പ്പം തല തിരിഞ്ഞ ശാസ്ത്ര ചിന്ത മാത്രം.

വെള്ള കറുപ്പ് മാത്രമായി പ്രപഞ്ചത്തെ വായിക്കുന്ന ജീവികള്‍ ഉണ്ട് എന്നാണല്ലോ. അത് പോലെ തന്നെ ആണെങ്കിലോ നമ്മള്‍ ഓരോരുത്തരും? പ്രകാശത്തിന്‍റെ കളര്‍ സ്പെക്ട്ര ത്തിലെ ഏതു frequency ആവും ചുവപ്പായി എന്‍റെ കണ്ണ് കാണുന്നത് എന്ന് വല്ല നിശ്ചയവും ഉണ്ടോ നിങ്ങള്‍ക്ക്? ഞാന്‍ സര്‍വവും പച്ചയായി കാണുന്ന ആ കാട് ഒരു പക്ഷെ എന്‍റെ ചുവപ്പിലാവും നിങ്ങള്‍ കാണുന്നത്!! ആര്‍ക്കറിയാം ! ഞാന്‍ പച്ച എന്ന് പേരിട്ടു കൈ ചൂണ്ടി കാണിച്ചു പഠിപ്പിക്കുന്ന നിറം എന്‍റെ ചുവപ്പില്‍ കണ്ടു എന്‍റെ കുട്ടി പച്ച..പച്ച.. എന്ന് പഠിച്ചു വളര്‍ന്നാല്‍.. പച്ച എന്ന വാക്കിനെ അവന്‍ എന്‍റെ ചുവപ്പിനോട് ചേര്‍ത്ത് വച്ച് പഠിച്ചാല്‍, അവന്‍റെ പച്ച എന്‍റെ ചുവപ്പാണെന്ന് ആര് തിരിച്ചറിയാന്‍? അല്ല ഇതൊക്കെ തിരിച്ചറിഞ്ഞിട്ടും ആര്‍ക്കെന്തു പ്രയോ ജനം?

പ്രയോജനം ഒന്നുമില്ല. എന്നാലും വെറുതെ ഇങ്ങനെ ചിന്തിചോളൂ കൂട്ടരേ.. രക്തം കാണുമ്പോ എനിക്ക് തല കറങ്ങുന്നു എന്ന് ആരെങ്കിലും പറയുമ്പോ വെറുതെ ചിന്തിക്കൂ.. അയ്യേ അവന് എന്‍റെ കണ്ണാണെങ്കില്‍.. അവനീ കാട് കണ്ടെങ്കില്‍ ബോധം കേട്ട് പോകുമല്ലോ എന്ന്!!

അല്ല ഇനി കാട് കണ്ടു ബോധം കെട്ട വല്ലവരും ഉണ്ടോ? എന്‍റെ ഈ hypothesis ഒന്ന് ചേര്‍ത്ത് വച്ച് നോക്കാനാ.....

നമ്മടെ ഒരു റേഞ്ച്!!

120 - ഓളം മൂലകങ്ങള്‍ ഉണ്ട് നമ്മുടെ പീരിയോടിക് ടേബിളില്‍ അതിന്റെ പല തരത്തില്‍ ഉള്ള സംയോജനങ്ങള്‍ വഴി സംയുക്തങ്ങള്‍ ഉണ്ടാവുന്നു.. അതിലൂടെ വിവിധ തരം പദാര്‍ത്ഥങ്ങളും. പദാര്‍ത്ഥങ്ങളുടെ സ്വഭാവം നിര്‍ണ്ണയിക്കുന്നത് സ്വാഭാവികമായും മൂലകങ്ങള്‍ തന്നെ. അതൊക്കെ നമ്മള്‍ അറിയുന്ന കാര്യം.

എന്നാല്‍ ഈ മൂലകങ്ങള്‍ മൊത്തം നിലനില്‍ക്കുനത്‌ ഒരു പ്രത്യേക താപ പരിധിയ്ക്ക് ഉള്ളില്‍ ആണ് . എല്ലാറ്റിനും ഒരു റേഞ്ച് ഉള്ളത് പോലെ താപത്തിന്റെ ഒരു റേഞ്ച് നു അകത്താണ് ഈ മൂലകങ്ങള്‍ ഈ ജാതി നില്‍പ്പ് നില്‍ക്കുന്നത്! ഈ താപ റേഞ്ച് കവച്ചു താപം കൂടുകയോ കുറയുകയോ ചെയ്‌താല്‍ മൂലകങ്ങളുടെ മട്ടും ഭാവവും മാറും എന്ന് സാരം.

താപം കൂടുന്തോറും ഐസ് ജലം ആകുകയും ജലം നീരാവിയാകുകയും ചെയ്യുന്നില്ലേ? അത് പോലെ ഒരു പ്രത്യേക താപത്തിനുമപ്പുറം എല്ലാ മൂലകങ്ങളും അതിന്റെ ഖരാവസ്ഥയും ദ്രാവകാവസ്ഥയും വെടിയുന്ന ഒരു സാഹചര്യം വരും.
ഭൂമി തന്നെ വെറും വാതക ഗോളം ആയി തീരുന്ന ഒരു അവസ്ഥ. പദാര്‍ത്ഥ ത്തിന്റെ 7 അവസ്ഥ കളില്‍ ഏതാവും അപ്പോള്‍ ഭൂമിയില്‍ ഉണ്ടാവുക? നമ്മള്‍ മനുഷ്യരുടെ കാര്യം പോകട്ടെ.. ജീവന്‍ തന്നെ എങ്ങനെയാവും നിലനില്‍ക്കുക?

ഭൂമിയും സൂര്യനും തമ്മിലുള്ള ഇരുപ്പുവശം ഒന്ന് മാറിയാല്‍ ഇക്കണ്ട മനുഷ്യരും ജീവ ജാലങ്ങളും നിര്‍മ്മിതികളും മറ്റും മറ്റും എന്തെന്തു തരത്തില്‍ മാറിപ്പോവും? ദാ കെടക്കുന്നു നമ്മുടെ അസ്തിത്വം..

മസില് പിടിക്കാതെ ഒന്ന് എയറ് വിട്ടിട്ടു വിനയാന്വീതരാവിന്‍ എന്റെ കൂട്ടരേ..